അധീശാധികാരം

ഒരു പരമാധികാര രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിന്റെമേൽ ചെലുത്തുന്ന രാഷ്ട്രീയനിയന്ത്രണത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന രാഷ്ട്രതന്ത്രസംജ്ഞയാണ് അധീശാധികാരം (Suzerainty). മധ്യകാല യൂറോപ്പിൽ നിലവിലിരുന്ന മാടമ്പിവ്യവസ്ഥയിൽ (Feudalism) മാടമ്പിക്കും കുടിയാനും തമ്മിലുണ്ടായിരുന്ന ബന്ധം നിർവചിക്കുവാനാണ് അധീശാധികാരം (Suzerainty) എന്ന പദം ഉപയോഗിച്ചുവന്നത്. മാടമ്പിയോടു ഭക്തി പ്രദർശിപ്പിക്കുകയും അദ്ദേഹത്തിനുവേണ്ടി ചില കർത്തവ്യങ്ങൾ നിർവഹിക്കുകയും കുടിയാന്റെ കടമകളായി ഫ്യൂഡൽ നിയമങ്ങളിൽ വ്യവസ്ഥ ചെയ്യപ്പെട്ടിരുന്നു. പകരം കുടിയാനോടു ചില കടമകൾ മാടമ്പിക്കുമുണ്ടായിരുന്നു. ഈ സേവ്യസേവകഭാവത്തെ ആധുനികകാലത്തു തുല്യശക്തികളല്ലാത്ത രണ്ടു രാജ്യങ്ങളുടെ ബന്ധം സൂചിപ്പിക്കുന്നതിന് ഉപയോഗിക്കാൻ തുടങ്ങി. കൂടുതൽ ശക്തമായത് അധീശരാജ്യവും താരതമ്യേന ദുർബലമായത് സാമന്തരാജ്യം അഥവാ സംരക്ഷിതരാജ്യവും ആണ്. അധീശ രാജ്യത്തിന്റെ ഭാഗങ്ങളാണ് സാമന്തരാജ്യങ്ങൾ. ക്രമാനുഗതമായ ശിഥിലീകരണ പ്രവർത്തനങ്ങളുടെ ഫലമായും അധീശരാജ്യത്തിന്റെ കാരുണ്യത്താലും സാമന്തരാജ്യങ്ങൾക്ക് സ്വതന്ത്ര രാഷ്ട്രങ്ങളുടെ ചില അവകാശങ്ങൾ ലഭിക്കയുണ്ടായി. എന്നാൽ അവയുടെ പരമാധികാരം പൂർണമായിരുന്നില്ല. അധീശരാജ്യത്തിന്റെ രാഷ്ട്രീയനിയന്ത്രണത്തിന് അവ വിധേയമായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും ബ്രിട്ടിഷ് ഭരണകൂടവും തമ്മിലുണ്ടായിരുന്ന ബന്ധം അധീശാധികാരവും സംരക്ഷിതരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഉത്തമനിദർശനമാണ്. അധീശാധികാരത്തിന് രാഷ്ട്രതന്ത്രത്തിൽ ഇന്നു വലിയ പ്രസക്തിയില്ല.

പുറംകണ്ണി

തിരുത്തുക
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അധീശാധികാരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https:https://www.how.com.vn/wiki/index.php?lang=ml&q=അധീശാധികാരം&oldid=1692065" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ